മാസപ്പടി കേസ്; വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ഇന്ന് കേസെടുക്കും

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കം 13 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള എഫ്.ഐ.ആര്‍ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്യും. പിണറായിയുടെ മകള്‍ ടി. വീണ, സി.എം.ആർ.എൽ കമ്പനി എം.ഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ പ്രതികളാകുമെന്നാണ് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ കത്തില്‍ പറയുന്ന കുറ്റകൃത്യം ചെയ്തവരെയെല്ലാം ഉള്‍പ്പെടുത്തിയാകും കേസെടുക്കുക. തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ സംഘം- ഒന്ന്, രണ്ട് യൂനിറ്റുകള്‍ വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് മൊത്തം അധികാര പരിധിയുള്ള വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെയാകും കേസെടുക്കാന്‍ ചുമതലപ്പെടുത്തുക. സി.എം.ആർ.എൽ ഇടപാടുകള്‍ കൊച്ചിയില്‍ ആയതിനാല്‍ അവിടെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നതും ആലോചിക്കുന്നു. ഹൈകോടതി നിര്‍ദേശമായതിനാല്‍ അന്വേഷണം വൈകിപ്പിക്കാനും കഴിയില്ല. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളില്‍ ഒരു കേസും, കള്ളപ്പണക്കേസ്, ഹവാല എന്നിവയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുന്നതും ആലോചിക്കുന്നു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും. ഹവാല, കള്ളപ്പണം എന്നിവയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ അന്വേഷണത്തിന് ഇ.ഡി കൂടി എത്തും. അതേസമയം, കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചുള്ള ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ തിങ്കളാഴ്ച തന്നെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നാണ് അവരുടെ വാദം. ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരുന്നതുവരെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെടും. കഴിഞ്ഞ ദിവസമാണ് സി.എം.ആർ.എൽ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈകോടതി നിര്‍ദേശിച്ചത്.
